കളി മാറും! ജർമൻ ദേശീയ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി ലിവർപൂൾ ഇതിഹാസം യൂർഗൻ ക്ലോപ്പ് ചുമതലയേറ്റു

ലിവർപൂളിന്റെ മുൻ ഇതിഹാസ പരിശീലകൻ യൂർഗൻ ക്ലോപ്പ് (Jürgen Klopp) ജർമൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു.

2026 ലോകകപ്പിൽ പരാഗ്വെയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് പുറത്തായതിനെ തുടർന്ന് യൂലിയൻ നാഗൽസ്മാൻ രാജി വെച്ച ഒഴിവിലേക്കാണ് 59-കാരനായ ക്ലോപ്പിന്റെ നിയമനം. 2030-ൽ സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പ് വരെ നീളുന്ന 4 വർഷത്തെ കരാറിലാണ് ക്ലോപ്പ് ഒപ്പുവെച്ചിരിക്കുന്നത്.

ലിവർപൂളിലെ 9 വർഷത്തെ സേവനത്തിന് ശേഷം പൂർണ്ണസമയ പരിശീലക രംഗത്തേക്ക് ക്ലോപ്പ് തിരിച്ചെത്തുന്നത് ഫുട്ബോൾ ലോകത്ത് വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

“കുടുംബത്തെ വേട്ടയാടിയാൽ ഞാൻ ജോലി ഉപേക്ഷിക്കും”

ചുമതലയേറ്റ ശേഷം നടത്തിയ 45 മിനിറ്റോളം നീണ്ട വാർത്താസമ്മേളനത്തിൽ മാധ്യമങ്ങൾക്ക് കടുത്ത മുന്നറിയിപ്പാണ് ക്ലോപ്പ് നൽകിയത്. തന്റെ കുടുംബത്തിന്റെ സ്വകാര്യത മാനിച്ചില്ലെങ്കിൽ താൻ സ്ഥാനം ഉപേക്ഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

“എന്റെ പ്രവർത്തനങ്ങളെ നിങ്ങൾക്ക് എത്ര വേണമെങ്കിലും വിമർശിക്കാം. ജയിച്ചാൽ വലിയ തോതിൽ പുകഴ്ത്തേണ്ടതുമില്ല. തോറ്റാൽ മാറ്റങ്ങൾ വരുത്താൻ ഞാൻ തയ്യാറാണ്. എന്നാൽ എന്റെ കുടുംബത്തിന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയാൽ, ഒരു നിമിഷം പോലും ആലോചിക്കാതെ ഞാൻ ഈ പദവി ഉപേക്ഷിക്കും.”

യൂർഗൻ ക്ലോപ്പ്

ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നത് രാജ്യത്തോടുള്ള സ്നേഹം കൊണ്ടുമാത്രമാണെന്നും, പണത്തിനായോ കരിയറിലേക്ക് തിരിച്ചുവരാനായോ അല്ലെന്നും ക്ലോപ്പ് കൂട്ടിചേർത്തു. ടീമിന് താൻ അനുയോജ്യനല്ലെന്ന് തോന്നുന്ന ഘട്ടത്തിൽ നഷ്ടപരിഹാരം പോലുമില്ലാതെ പടിയിറങ്ങാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ക്ലബ് പരിശീലകർക്ക് പിന്തുണ.

അന്താരാഷ്ട്ര മത്സര ക്രമീകരണങ്ങളുടെ (Calendar) കടുത്ത വിമർശകനായിട്ടുള്ള ക്ലോപ്പ്, ഇനി ദേശീയ ടീം മാനേജർ എന്ന നിലയിൽ ക്ലബ് പരിശീലകരോട് സഹാനുഭൂതിയോടെ പെരുമാറുമെന്ന് ഉറപ്പുനൽകി.

ക്ലബ്ബുകളിൽ തുടർച്ചയായി മത്സരങ്ങൾ കളിക്കുന്ന താരങ്ങൾക്ക് ആവശ്യത്തിന് വിശ്രമം നൽകും. താരങ്ങളെ വിട്ടുനൽകുന്ന കാര്യത്തിൽ ക്ലബ് കോച്ചുമാരുമായി തർക്കത്തിനില്ലെന്നും അവരുടെ അഭിപ്രായങ്ങൾ കേൾക്കുമെന്നും ക്ലോപ്പ് അറിയിച്ചു.

ലക്‌ഷ്യം 2030 ലോകകപ്പ്.

ദേശീയ ടീമിനൊപ്പം കുറഞ്ഞ സമയം മാത്രമേ പരിശീലനത്തിന് ലഭിക്കൂവെങ്കിലും തന്റെ ശൈലി വിജയകരമായി നടപ്പിലാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. 2030 ലോകകപ്പിൽ ജർമനിയെ വീണ്ടും ചാമ്പ്യന്മാരാക്കുക എന്ന വമ്പൻ ദൗത്യമാണ് ഇനി ക്ലോപ്പിന് മുന്നിലുള്ളത്.

Share this article
ഡിനോന്യൂസിൽ എഡിറ്റർ. ഗവണ്മെന്റ് ബ്രെണ്ണൻ കോളേജിൽ നിന്നും ബിരുദം, ടി. ഐ. എം ട്രെയിനിങ് കോളേജിൽ നിന്നും ബി.എഡ് ബിരുദം.

Leave a Comment